അമീബിക് മസ്തിഷ്കജ്വരത്തില് ആശ്വാസം; രണ്ടു കുട്ടികള്‍ രോഗമുക്തരായി, ആശുപത്രി വിട്ടു
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വിതച്ച അമീബിക് മസ്തിഷ്കജ്വരത്തില് ആശ്വാസം. രോഗം ബാധിച്ച രണ്ടു കുട്ടികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സഹോദരങ്ങളായ ആരവ് (7), അഭിജയ് (12) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. ഇവരുടെ സഹോദരി രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആരവിനെയും നിരീക്ഷണത്തിനായി അഭിജയിനെയും മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ശിശുരോഗ വിഭാഗം മേധാവി മോഹന്‍ദാസ് നായര്‍, ഡോ. എ എം ഷമീം, ഡോ ഫിജി, ജൂനിയര്‍ റസിഡന്റുമാരായ എച്ച് സിദ്ദലീങ്ങേഷ്, ഡോ അഞ്ജലി വര്‍ഗീസ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. രോഗം ബാധിച്ച 11 വയസ്സുള്ള പെണ്‍കുട്ടിയും 10 വയസ്സുള്ള ആണ്‍കുട്ടിയും മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിന്‍സിപ്പല്‍ കെ ജി സജീത് കുമാര്‍ പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം വിദേശത്തുനിന്നുമെത്തിച്ച വിലകൂടിയ മരുന്നുള്‍പ്പെടെ അഞ്ചുതരം മരുന്നുകളാണ് നല്‍കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.